Tuesday, March 4, 2014

പ്രണയിക്കുന്നവർ ഒരിക്കലും പിരിയാതിരിക്കട്ടെ

ജയപ്രകാശ് പ്രണയിച്ചത് സുനിതയുടെ ബാഹ്യസൗന്ദര്യത്തെയായിരുന്നില്ല; ആയിരുന്നെങ്കില്‍ അപകടത്തില്‍ മുഖത്തിന്‍െറ പകുതി ഭാഗവും നഷ്ടപ്പെട്ട സുനിതയെ ജീവിതത്തിലേക്ക് കൈപിടിച്ച് ആനയിക്കുമായിരുന്നില്ല. ജീവിച്ചിരിക്കാന്‍ എട്ട് ശതമാനം മാത്രം സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സുനിതയുടെ ജീവിതത്തിലെ പ്രകാശമായി ഇനിയെന്നും ജയപ്രകാശ് ഉണ്ടാവും. ഓപറേഷനുകളുടെ പരമ്പരക്കിടയിലെ മൂന്നുമാസത്തെ ഇടവേളയിലാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ജയപ്രകാശ്, സുനിതയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.
പ്ളസ്ടുവിന് ഒരേ ക്ളാസില്‍ പഠിച്ചനാള്‍ മുതലുള്ള സൗഹൃദമാണ് നിനച്ചിരിക്കാതെ കടന്നുവന്ന അപകടത്തെയും മറികടന്ന് ഇരുവരെയും ഒന്നിപ്പിച്ചത്. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി പള്ളിപ്പുറത്ത് മുരളീധരന്‍െറയും ലതികയുടെയും മകള്‍ സുനിത ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ അദ്ഭുതമാണ്.
ഐ.ബി.എമ്മില്‍ പ്രോഗ്രാം മാനേജറായി ജോലി ചെയ്യുന്ന സുനിത മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മൂന്ന് വര്‍ഷം മുമ്പ് ഓണത്തിന് ബംഗളൂരുവില്‍ നിന്ന് കാറില്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് വരുമ്പോള്‍ ധര്‍മപുരിയില്‍വെച്ചായിരുന്നു അപകടം.
സുനിത സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തലകീഴായി മൂന്ന് തവണ മറിഞ്ഞ കാറില്‍ നിന്ന് ഗുരുതര പരിക്കേറ്റ സുനിതയെ ആശുപത്രിയിലത്തെിച്ചപ്പോള്‍ രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മുഖത്തിന്‍െറ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകള്‍ വേറെയും.
ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെ ചികിത്സയില്‍ സുനിത പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പരിക്കുകള്‍ ഭേദമായെങ്കിലും മുഖത്തിനുണ്ടായ വൈകല്യം പരിഹരിക്കപ്പെട്ടിരുന്നില്ല. പിന്നെ മുഖം പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്ളാസ്റ്റിക് സര്‍ജറികളുടെ പരമ്പരയായി. ഏകദേശം 70 ശതമാനം പഴയ മുഖ സൗന്ദര്യം തിരിച്ചു ലഭിച്ചു.
വേദനകളുടെയും ദുരിതങ്ങളുടെയും കടല്‍ നീന്തുമ്പോള്‍ കുടുംബത്തോടൊപ്പം സുനിതക്ക് തുണയായി ജയപ്രകാശുമുണ്ടായിരുന്നു. കോയമ്പത്തൂര്‍ സുളൂര്‍ ആര്‍.വി.എസ് സ്കൂളില്‍ പ്ളസ് ടുവിന് പഠിച്ചകാലം മുതലാണ് ഇരുവരും സൗഹൃദത്തിലായത്. അമേരിക്ക കേന്ദ്രമായുള്ള ഹെലനോഗ്രേഡി ഡ്രാമ അക്കാദമയിലെ പരിശീലകനാണ് ജെയ് എന്ന ജയപ്രകാശ്. കോയമ്പത്തൂര്‍ സൂളുര്‍ സ്വദേശി പൂര്‍ണചന്ദ്രന്‍െറ മകനാണ് ജെയ്. സുനിതയെ ജീവിതസഖിയായി സ്വീകരിക്കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ വീട്ടുകാര്‍ക്കും സമ്മതം. എന്നാല്‍ ആഴ്ചകള്‍ ഇടവിട്ടുള്ള പ്ളാസ്റ്റിക് സര്‍ജറികള്‍ മൂലം വിവാഹം നീണ്ടുപോയി. ഒടുവില്‍ സര്‍ജറികള്‍ക്കിടയില്‍ ലഭിച്ച മൂന്നു മാസത്തെ ഇടവേളയില്‍ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹശേഷം ബ്രാഹ്മണ സമൂഹം ഹാളില്‍ സദ്യയും നടന്നു
#respect


No comments:

Post a Comment